ചെമ്പനോട : ഇന്നലെ രാവിലെ ചെമ്പനോട കിഴക്കരക്കാട്ട് ഷിജോ തോമസ് (38) കടന്തറ പുഴയോരത്തെ കൃഷിയിടത്തിൽ കുത്തേറ്റു മരിച്ച സംഭവത്തിൽ ഷിജോയുടെ അടുത്ത ബന്ധുവായ ചെമ്പനോട കിഴക്കരക്കാട്ട് ചാക്കോ (56) യെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു. സംഭവത്തെ തുടർന്നു വനത്തിലൂടെ രക്ഷപെട്ട ചാക്കോയെ ഞായറാഴ്ച വൈകീട്ടോടെ പെരുവണ്ണാമൂഴി സബ് ഇൻസ്പെക്ടർ എ.കെ ഹസനും സംഘവും കുറ്റ്യാടിയിൽ വെച്ച് കസ്റ്റഡിയിലെടുക്കുയായിരുന്നു. രാത്രി ഒൻപതോടെ അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥനായ കൂരാച്ചുണ്ട് പോലീസ് ഇൻസ്പെക്ടർ ദിനേശ് കോറോത്തിൻ്റെ നേതൃത്വത്തിൽ പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തി. കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു.
മരിച്ച ഷിജോയുടെ പോസ്റ്റ്മോർട്ടം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ ശേഷം ഭൗതിക ശരീരം ബന്ധുക്കൾക്കു വിട്ടു കൊടുത്തെങ്കിലും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇസ്രയേലിൽ നഴ്സായ ഭാര്യ വിപിന എത്തിയ ശേഷമാണു സംസ്കാരം നടത്തുകയെന്നു ബന്ധുക്കൾ അറിയിച്ചു.