Politics
അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സിമ്പോസിയം സമാപിച്ചു

കോഴിക്കോട്: ഇന്ത്യൻ സൊസൈറ്റി ഫോർ സ്പൈസസ് സംഘടിപ്പിച്ച നാല് ദിവസത്തെ അന്താരാഷ്ട്ര സിമ്പോസിയം ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽ സമാപിച്ചു. ആഭ്യന്തര, വ്യാവസായിക ഉപഭോഗത്തിന് ഉയർന്ന നിലവാരമുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിന് നല്ല കാർഷിക രീതികൾ വികസിപ്പിക്കേണ്ടതും അവ കർഷകരിൽ എത്തിക്കേണ്ടതും അനിവാര്യമാണെന്ന് സിമ്പോസിയം ശുപാര്ശചെയ്തു.
ശുദ്ധവും ശുചിത്വമുള്ളതുമായ സുഗന്ധവ്യഞ്ജനങ്ങൾ ഉറപ്പുനൽകുന്നതിനായി മികച്ച ഉൽപാദന രീതികൾ വികസിപ്പിച്ചെടുക്കണമെന്നും ഇത്തരം നടപടികളിലൂടെ കയറ്റുമതി മെച്ചപ്പെടുത്താനും ഇന്ത്യൻ സുഗന്ധവിളകളുടെ ആവശ്യകത വർദ്ധിപ്പിക്കാനും സാധിക്കുമെന്നും സിമ്പോസിയം നിരീക്ഷിച്ചു.
കാർഷിക-വ്യാവസായിക മന്ത്രാലയങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങൾ സുഗന്ധവ്യഞ്ജന വിപണിയുടെ വളര്ച്ച്ചക്കു അനിവാര്യമാണെന്നും ഓൺലൈൻ സിമ്പോസിയം അഭിപ്രായപ്പെട്ടു.
സുഗന്ധവ്യഞ്ജനങ്ങളുടെ കാർബൺ ഫൂട് പ്രിന്റ്കളെ കുറിച്ചും സുഗന്ധവ്യഞ്ജന മേഖലയുമായി ബന്ധപ്പെട്ട ശരിയായ വ്യാപാര വിവര ശേഖരണ മാതൃകകളെ കുറിച്ചും പഠിക്കാൻ വിദഗ്ധർ നിർദ്ദേശിച്ചു. സുഗന്ധവ്യഞ്ജനവ്യാപാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് രാഷ്ട്രങ്ങൾ തമ്മിലും സ്ഥാപനങ്ങൾ തമ്മിലുമുള്ള മികച്ച നയതന്ത്ര ബന്ധവും സഹകരണവും അനിവാര്യമാണെന്നും സിമ്പോസിയം വിലയിരുത്തി.
വിളവെടുപ്പിനും വിളവെടുപ്പിനു ശേഷമുള്ള പ്രവർത്തനങ്ങൾക്കുമായി വലിയ തോതിൽ യന്ത്രവൽക്കരണം ഏർപ്പെടുത്തുക , ഗുണനിലവാരമുള്ള സുഗന്ധവ്യഞ്ജന ഉൽപന്നങ്ങൾക്കായി ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രോത്സാഹനം ഉറപ്പുവരുത്തുക എന്നിവയും ശുപാർശകളിൽ ഉൾപ്പെടുന്നു. സംസ്കരിച്ച സുഗന്ധവ്യഞ്ജന ഉൽപ്പന്നങ്ങൾക്കായുള്ള റെഗുലേറ്ററി മാനദണ്ഡങ്ങളുടെ പ്രാധാന്യവും സുഗന്ധവ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്യുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും നയ മാർഗ്ഗനിർദ്ദേശങ്ങൾ രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ശുപാർശയിൽ ഉൾപ്പെടുന്നു.
പരീക്ഷണ ഫലങ്ങളുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനായി സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തൻ മികച്ച പരിശോധന സംവിധാനങ്ങളുടെ ആവശ്യകതയും സിമ്പോസിയം ചൂണ്ടിക്കാട്ടി. സുഗന്ധവ്യഞ്ജനങ്ങളുമായി ബന്ധപ്പെട്ട ഭക്ഷ്യ സുരക്ഷാ അതോറിറ്റി ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ എന്നിവയുടെ സുഗന്ധവ്യഞ്ജനങ്ങളുമായി ബന്ധപ്പെട്ട കമ്മിറ്റികളിൽ സുഗന്ധ വ്യഞ്ജന ഗവേഷണ രംഗത്തെ വിദഗ്ധരെ ഉൾപ്പെടുത്താൻ നടപടി വേണമെന്നും സിമ്പോസിയം ആവശ്യപ്പെട്ടു.
ഡോക്ടർ വൈ. എസ്. ആർ. ഹോർട്ടികളറ്റ്ൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. ടി. ജനകിറാം മുഖ്യാതിഥിയായിരുന്നു. ഐസിഎആർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (എച്ച്എസ്) ഡോ. എ. കെ. സിംഗ് സമാപനച്ചടങ്ങിൽ അധ്യക്ഷം വഹിച്ചു. അന്താരാഷ്ട്ര സ്പൈസസ് സിമ്പോസിയത്തിന്റെ ഡിക്ലറേഷന്റെ റിലീസും അദ്ദേഹം നിർവഹിച്ചു.
സിംസാക് ജനറൽ കൺവീനർ ഡോ. ഡി പ്രസാത് ശുപാർശകൾ അവതരിപ്പിച്ചു. സ്പൈസസ് ബോർഡ് (റിസർച്) ഡയറക്ടർ ഡോ. എ. രമശ്രീ അടയ്ക്ക സുഗന്ധവിള വികസന ഡയറക്ടറേറ്റ് ഡയറക്ടർ ഡോ. ഹോമി ചെറിയാ, നാഷണൽ റിസർച് സെന്റർ ഫോർ സീഡ് സ്പൈസസ് ഡയറക്ടർ ഡോ. ഗോപാൽ ലാൽ, ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. ജെ. രമ ഇന്ത്യൻ സൊസൈറ്റി ഫോർ സ്പൈസസ് പ്രസിഡന്റ് ഡോ. സന്തോഷ് ജെ. ഈപ്പൻ; സൊസൈറ്റി സെക്രട്ടറി ഡോ. സി എൻ ബിജു എന്നിവർ സംസാരിച്ചു.