KERALA
കെ.സി. വേണുഗോപാലിന്റെ ഡോക്യുമെന്ററി നിർത്തിവെപ്പിച്ചു;വോട്ടെണ്ണലിന് മുൻപേ കോൺഗ്രസിൽ തർക്കം മുറുകുന്നു

തിരുവനന്തപുരം:കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തർക്കം രൂക്ഷമാകുന്നു.കെ സി വേണുഗോപാൽ പക്ഷത്തിൻ്റെ നീക്കങ്ങൾ എന്താകുമെന്ന ആകാംക്ഷയിലാണ് ചെന്നിത്തല പക്ഷവും സതീശൻ പക്ഷവും.ഇതിനിടെയാണ് കെ സി .വേണുഗോപാലിന്റെ രാഷ്ട്രീയ ജീവിതം പ്രമേയമാക്കി തയ്യാറാക്കിയിരുന്ന ഡോക്യുമെന്ററിയുടെ ഷൂട്ടിംഗ് അപ്രതീക്ഷിതമായി നിർത്തിവെച്ചത്. ഹൈക്കമാൻഡിന്റെ കർശന നിർദ്ദേശത്തെത്തുടർന്നാണ് ഈ പിന്മാറ്റമെന്നാണ് സൂചന. എന്നാൽ ഒരു പടി പിന്നോട്ട് പോയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരരംഗത്ത് തങ്ങൾ ഇപ്പോഴും സജീവമാണെന്ന ശക്തമായ സൂചനയാണ് കെ.സി. പക്ഷം നൽകുന്നത്.
കെ.സി പക്ഷത്തിന്റെ പിന്തുണയോടെ കസേരയുറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് രമേശ് ചെന്നിത്തല വിഭാഗം. എന്നാൽ ലീഗ് സതീശൻ അനുകൂല നിലപാട് സ്വീകരിക്കുന്നത് ഇവർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
വോട്ടെണ്ണലിന് മുൻപേ തന്നെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പടയൊരുക്കം ശക്തമായിരിക്കുകയാണ്. ഘടകകക്ഷിയായ ലീഗിന്റെ ഇടപെടൽ ഹൈക്കമാൻഡിനെ സമ്മർദ്ദത്തിലാക്കുമോ എന്നാണ് ഇനി അറിയേണ്ടത്.




