
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ പുനർനിർമ്മാണ പ്രവൃത്തികളിലെ കാലതാമസവും യാത്രക്കാർ നേരിടുന്ന യാത്രാക്ലേശവും പരിഹരിക്കുന്നതിനായി എം.കെ. രാഘവൻ എം.പി സതേൺ റെയിൽവേ ജനറൽ മാനേജറുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് കൂടിക്കാഴ്ച നടത്തി.
റെയിൽവേയുമായി ബന്ധപ്പെട്ട വിവിധ വികസന വിഷയങ്ങളും പുതിയ സർവീസുകളും ചർച്ചയിൽ പ്രധാന വിഷയമായി. വൈകുന്നേരം 6.30 നും 10 നും ഇടയിൽ കണ്ണൂർ ഭാഗത്തേക്ക് നിലവിൽ ട്രെയിൻ സർവീസുകളില്ലാത്തത് യാത്രക്കാരെ വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് എം.പി ജനറൽ മാനേജരുടെ ശ്രദ്ധയിൽപ്പെടുത്തി.
ഈ സമയപരിധിയിൽ പുതിയ സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കാമെന്ന് ജനറൽ മാനേജർ എം.പിക്ക് ഉറപ്പുനൽകി. രാവിലെ മംഗലാപുരത്ത് നിന്നും സർവീസ് ആരംഭിച്ച് വൈകുന്നേരം തിരികെ പോകുന്ന രീതിയിലായിരിക്കും ഈ സ്പെഷ്യൽ ട്രെയിൻ ക്രമീകരിക്കുക. ഓഫീസുകളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും മടങ്ങുന്നവർക്കും മറ്റ് ദീർഘദൂര യാത്രക്കാർക്കും ഈ സർവീസ് വലിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു.
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പുനർനിർമ്മാണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതിനെക്കുറിച്ച് എം.പി ശക്തമായ പ്രതിഷേധം അറിയിച്ചു. ഇതിനെത്തുടർന്ന്, പ്രവൃത്തിയിലെ കാലതാമസത്തിന് വിശദീകരണം തേടിക്കൊണ്ട് കരാർ കമ്പനിക്ക് ഉടൻ കാരണംകാണിക്കൽ നോട്ടീസ് നൽകുമെന്ന് ജനറൽ മാനേജർ എം.പി യെ അറിയിച്ചു.കമ്പനിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ ഉചിതമായ തുടർനടപടികൾ സ്വീകരിക്കുമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ, ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും മറ്റ് പ്രധാന ട്രെയിൻ സർവീസുകളുടെ പരിഷ്കരണവും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഉന്നയിച്ച കാര്യങ്ങൾക്ക് പരിഹാരം കാണുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാകുമെന്ന് ജനറൽ മാനേജർ ഉറപ്പുനൽകി. പാലക്കാട് ഡിവിഷണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മറ്റി അംഗം യു.വി ദിനേശ് മണിയും കൂടികാഴ്ചയിൽ പങ്കെടുത്തു.




