KERALAlocalPolitics

കോഴിക്കോടിനെ പാര്‍ക്കിങ് സൗഹൃദമാക്കുന്ന പദ്ധതിക്ക് കൗണ്‍സില്‍ യോഗത്തില്‍ അംഗീകാരം

കോഴിക്കോട്: വേണ്ടത്ര വീതിയുള്ള റോഡുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സൗകര്യമൊരുക്കാന്‍ നഗരസഭ തീരുമാനം. കോഴിക്കോടിനെ പാര്‍ക്കിങ് സൗഹൃദമാക്കുന്നതിനുള്ള പദ്ധതിയുടെ ഒന്നാം ഘട്ടമായി 19 റോഡുകളില്‍ ബസുകള്‍ക്കടക്കം പാര്‍ക്കിങ് സൗകര്യങ്ങളും ഏഴിടത്ത് ബസുകള്‍ക്ക് മാത്രമായി ബേകളും നിര്‍മ്മിക്കാനാണ് മേയര്‍ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയത്. പദ്ധതി പ്രകാരം റോഡുകളില്‍ സൗകര്യങ്ങളൊരുക്കാന്‍ മൊത്തം പത്ത് ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.

മാനാഞ്ചിറ സ്‌ക്വയര്‍, ടൗണ്‍ഹാള്‍ റോഡ്, വൈക്കം മുഹമ്മദ് ബഷീര്‍ റോഡ്, ഒയിറ്റി റോഡ്, ജയപ്രകാശ് നാരായണ്‍ റോഡ് അപ്‌സര തിയേറ്ററിന് സമീപം പാവമണി റോഡ്, അപ്‌സര ലിങ്ക് ക്രോസ് റോഡ്, വെള്ളയില്‍ റോഡ്, സരോവരം റോഡ്, രാജാജിറോഡ്, വെസ്റ്റ്ഹില്‍ ഗസ്റ്റ് ഹൗസ് റോഡ്, കോവൂര്‍ ജംഗ്ഷന്‍, മെഡിക്കല്‍ കോളജ് ജംഗ്ഷന് താഴെ കോഴിക്കോട് നഗരത്തിലേക്കുള്ള ഭാഗം, പൊറ്റമ്മല്‍ ജംഗ്ഷന്‍, പൊറ്റമ്മല്‍ ജംഗ്ഷനും അരയിടത്തുപാലത്തിനുമിടയില്‍, തളി ക്ഷേത്രത്തിനും ജൂബിലിഹാള്‍ ജംഗ്ഷനുമിടയില്‍, ബീച്ച് റോഡില്‍ വടക്ക് ഭാഗത്തേക്ക്, സൗത്ത് ബീച്ചില്‍ സീക്യൂനിനും മുഖദാറിനുമിടയില്‍, ആനിഹാള്‍ റോഡ് എന്നിവിടങ്ങളിലാണ് പാര്‍ക്കിങ് സൗകര്യമൊരുക്കുക.

ഇതോടൊപ്പം മാനാഞ്ചിറ, മോഡല്‍ സ്‌കൂള്‍, നടക്കാവ് ഗേള്‍സ് സ്‌കൂളിനും മാര്‍ക്കറ്റിനുമിടയില്‍, മാവൂര്‍ റോഡ് ജംഗ്ഷനില്‍ ഷിപ് മാളിന് എതിര്‍വശം, വയനാട് റോഡിലും കണ്ണൂര്‍ റോഡിലും ക്രിസ്ത്യന്‍ കോളജിന് സമീപം, പാളയം എം.സി.സി എന്നിവിടങ്ങളില്‍ ബസ്‌ബേകളും ഒരുക്കും. മൊത്തം 1260 ചതുരശ്ര മീറ്റര്‍ ഇതുവഴി വാഹനങ്ങള്‍ നിര്‍ത്താന്‍ സൗകര്യമൊരുക്കാനാവുമെന്നാണ് കണ്ടെത്തല്‍.

അതേസമയം അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ യു.ഡി.എഫ് പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത അവതരിപ്പിച്ച അടിയന്തര പ്രമേയവുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തുന്നതിനിടെ ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ് ഇടപെട്ട് എന്‍.സി മോയിന്‍കുട്ടിയെ പ്രമേയം അവതരിപ്പിക്കാന്‍ ക്ഷണിച്ചത് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കി. ഇത് നടപടിക്രമങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും ലംഘനമാണെന്ന് ആരോപിച്ച് യു.ഡി.എഫ് മുദ്രാവാക്യം വിളികളോടെ ഇറങ്ങിപ്പോയി. എന്നാല്‍ കെ.സി. ശോഭിതയെ അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ ക്ഷണിച്ചത് നടപടിക്രമങ്ങളില്‍ തനിക്ക് പറ്റിയ തെറ്റാണെന്ന് മേയര്‍ അറിയിച്ചതാടെ യു.ഡി.എഫ് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

പാര്‍ലമെന്റില്‍ എളമരം കരീമും ബിനോയ് വിശ്വവും ഉള്‍പ്പെടെയുള്ള 12 എം.പിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് അടിയന്തര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എല്‍.ജെ.ഡിയിലെ എന്‍.സി. മോയിന്‍കുട്ടിയാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ ബി.ജെ.പി എതിര്‍ത്തു. യു.ഡി.എഫ് പിന്തുണയോടെയാണ് പ്രമേയം പാസാക്കിയത്.

കോവിഡ് മൂലം മരിച്ചവരുടെ ആശ്രിതര്‍ക്ക് ലഭിക്ക് ആനുകൂല്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കോര്‍പ്പറേഷന്‍ ഇടപെടുക, കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആര്‍.ടി.പി.സിആര്‍ ടെസ്റ്റിന് അഞ്ചിരട്ടിയോളം അധിക തുക ഈടാക്കുന്നത് തടയാന്‍ സംസ്ഥാനസര്‍ക്കാര്‍ ഇടപെടുക, കല്ലായിപ്പുഴയിലെ ചളി നീക്കം ചെയ്യുമ്പോള്‍ ജലമലിനീകരണം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുക,സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷണവിതരണത്തിന് കൂടുതല്‍ തുക അനുവദിക്കുക, ബീച്ച് ഹോസ്പിറ്റല്‍ പരിസരത്തെ അംഗനവാടി മാറ്റി സ്ഥാപിക്കുക തുടങ്ങിയ വിഷയങ്ങളാണ് അടിയന്തരപ്രമേയത്തില്‍ പ്രധാനമായും ഉന്നയിച്ചത്.

വെള്ളയിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടി 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച ഫ്‌ലാറ്റിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ച് സൗഫിയ അനീഷ് ശ്രദ്ധക്ഷണിച്ചു.

അതേസമയം കോര്‍പ്പറേഷന്‍ പരിധിയിലെ റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് കടിഞ്ഞാണിടാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. കൗണ്‍സിലര്‍ വിളിക്കുന്ന യോഗത്തില്‍ നിന്നും പല റസിഡന്റ്‌സുകളും വിട്ട് നില്‍ക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് തീരുമാനം. കോര്‍ഡിനേഷന്‍ കമ്മിറ്റിയിലെ ഓരോ റസിഡന്‍സ് അസോസിയേഷനുകള്‍ക്കും പ്രത്യേകം അനുമതിയും രജിസ്ട്രേഷന്‍ നടപടികളും പൂര്‍ത്തിയാക്കണമെന്നും ആവശ്യമുയര്‍ന്നു. ഭരണ- പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് വിഷയത്തെ പിന്തുണച്ചതോടെയാണ് റസിഡന്‍സ് അസോസിയേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പൊതുമാനദണ്ഡം തയാറാക്കാന്‍ തീരുമാനിച്ചു.

അസോസിയേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം നിയമാവലിയും തയാറാക്കും. വിഷയം പൊതുപ്രശ്നമായതിനാല്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിക്കുമെന്നും മേയര്‍ ഡോ.ബീന ഫിലിപ്പ് പറഞ്ഞു.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close