തിരുവനന്തപുരം : സംവിധായകനും നടനുമായ രഞ്ജിത്ത്
ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനാകും. എന്നാല്‍ സംഗീത നാടക അക്കാദമി ചെയര്‍മാനുമായി ബന്ധപ്പെട്ടുള്ള നിയമന ഉത്തരവ് വൈകും. സംഗീത നാടക അക്കാദമി ചെയര്‍മാനായി എം.ജി. ശ്രീകുമാറിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഉത്തരവ് വൈകിപ്പിക്കുന്നത്. മുന്‍ ചെയര്‍മാനും സവിധായകനുമായ കമല്‍ സ്ഥാനം ഒഴിയുന്നതിന് പിന്നാലെയാണ് പുതിയ ചെയര്‍മാനായി രഞ്ജിത്തിനെ നിയമിച്ച് കൊണ്ട് സര്‍ക്കാര്‍ വ്യാഴാഴ്ച ഉത്തരവിറക്കിയത്.
കെ.പി.എസ്.സി ലളിത സ്ഥാനം ഒഴിയുന്നതിന് പിന്നാലെയാണ് സംഗീത നാടക അക്കാദമി ചെയര്‍മാനായി എം.ജി. ശ്രീകുമാറിനെ നിയമിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവായത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ അനുകൂലിച്ച് കൊണ്ടുള്ള എം.ജി ശ്രീകുമാറിന്റെ പ്രസംഗങ്ങളും പരിപാടികളും സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതോടെയാണ് നിയമനം മരവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായത്.
സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തിലാണ് നിയമനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നത്. സാഹിത്യ അക്കാദമി ഉള്‍പ്പെടെ മറ്റു സാംസ്കാരിക സ്ഥാപനങ്ങളിലെ മാറ്റം സംബന്ധിച്ച തീരുമാനം വരുംദിവസങ്ങളില്‍ ഉണ്ടാകും.