തിരുവനന്തപുരം: ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഉത്തര്‍പ്രദേശിലെ ഹഥ്‌റാസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് കള്ളക്കേസില്‍ കുടുക്കിയ യുപി പോലീസിന്റെ നടപടിയെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ശക്തമായി അപലപിച്ചു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കെ യു ഡബ്ല്യു ജെ യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പടെയുള്ളവരെയാണ് പോലീസ് കള്ളക്കേസില്‍ കുടുക്കിയത്.
വ്യാജ തെളിവുകള്‍ ചമച്ച് രാജ്യദ്രോഹ, തീവ്രവാദ മുദ്ര ചാര്‍ത്തി നിരപരാധികളെ തടങ്കലിലാക്കുന്ന കിരാത നടപടി ജനാധിപത്യ വ്യവസ്ഥയില്‍ അംഗീകരിക്കാവുന്നതല്ല, നിയമവാഴ്ചയെ കശാപ്പ് ചെയ്യലാണിത്. മാധ്യമപ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ പ്രധാനമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സംസ്ഥാന പോലീസ് മേധാവിക്കും യൂണിയന്‍ കത്തയച്ചു. സര്‍ക്കാര്‍, പോലീസ് തലത്തില്‍ ഇടപെടല്‍ അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, ഡി ജി പി ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ക്കും നിവേദനം നല്‍കി.