KERALAlocaltop news

വഴിത്തർക്കം ; ചെമ്പനോടയിൽ യുവാവ് ബന്ധുവിൻ്റെ കുത്തേറ്റ് മരിച്ചു

* ബന്ധു കസ്റ്റഡിയിൽ

 

ചെമ്പനോട: വഴിത്തർക്കത്തെ തുടർന്ന് പെരുവണ്ണാമൂഴിക്കടുത്ത ചെമ്പനോടയിൽ യുവാവ് ബന്ധുവിൻ്റെ കുത്തേറ്റ് മരിച്ചു.   ഞായറാഴ്ച്ച രാവിലെ പതിനൊന്നരയോടെയാണു നാടിനെ നടുക്കിയ സംഭവമുണ്ടായത്. കിഴക്കരക്കാട്ട് തോമസിൻ്റെ (തങ്കച്ചൻ) മകൻ ഷിജോ എന്ന ഉണ്ണി (38) ആണു മരിച്ചത്. അടുത്ത ബന്ധുവിൻ്റെ കുത്തേറ്റാണു മരിച്ചതെന്നു പറയപ്പെടുന്നു. ചെമ്പനോട കടന്തറപ്പുഴയോര തുരുത്തിലാണ് സംഭവം . കിഴക്കരക്കാട്ടു കുടുംബത്തിലെ  പലർക്കും ഇവിടെ സ്ഥലമുണ്ട്. ഇവിടേക്കെത്താൻ നേരത്തെയുണ്ടായിരുന്ന വഴി ജെസിബി ഉപയോഗിച്ചു നന്നാക്കുന്നതിനിടയിൽ തർക്കമുണ്ടാവുകയായിരുന്നു. കുത്തേറ്റ് ഗുരുതരമായ പരിക്കേറ്റ ഷിജോയെ പേരാമ്പ്ര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.. പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. കൂരാച്ചുണ്ട് പോലീസ് ഇൻസ്പെക്ടർ ദിനേശ് കോറോത്തിൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം മൃതശരീരം കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റി. പ്രതിയെന്നു സംശയിക്കുന്ന ചാക്കോ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് രാത്രി രേഖപ്പെടുത്തും.   ഇസ്രായേലിൽ നഴ്സായ വിപിനയാണ് (വയനാട് കുപ്പാടിത്തറ അരിച്ചാലിൽ കുടുംബാംഗം)ഷിജോയുടെ ഭാര്യ. ഏക മകൻ നാലു വയസുകാരൻ ഡറോൺ. മാതാവ്: മോളി. സഹോദരൻ: ഫാ. ഡാൻ്റിസ് കിഴക്കരക്കാട്ട് (വെറ്റിലപ്പാറ സെൻ്റ് അഗസ്റ്റിൻസ് ദേവാലയ വികാരി).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close