
കോഴിക്കോട് : ചെലവൂർ ചൂരക്കൊടി മാർഷ്യൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച വിദ്യാർത്ഥികൾക്കായുള്ള കളരി പയറ്റ് സമ്മർ കോച്ചിങ് ക്യാമ്പ് സമാപിച്ചു. ചെലവൂർ ചൂരക്കൊടി കളരിയിൽ ഏപ്രിൽ 17 ന് ചീഫ് ഇൻസ്ട്രക്ടർ വി സീതി ഹാജി ഗുരുക്കൾ ഉദ്ഘാടനം ചെയ്ത ക്യാമ്പാണ് മെയ് 17 ന് സമാപിച്ചത്. ആൺകുട്ടികളും പെൺകുട്ടികളുമടക്കം രണ്ട് ഡസനിലധികം വിദ്യാത്ഥികൾ പങ്കെടുത്തു. ഏഴുവയസുകാരി ആമിന അസ്ലിൻ മെഹക്, ഏഴര വയസുകാരി കാതറിൻ റോസ് മിഥുൻ എന്നിവരടക്കം തുടക്കക്കാർ മെയ് വഴക്കത്തിൻ്റെ അടിസ്ഥാന അഭ്യാസങ്ങൾ സ്വായത്തമാക്കി. ക്യാമ്പ് അംഗങ്ങളിൽ പകുതിയിലധികവും ” ഉണ്ണിയാർച്ച “മാരായിരുന്നു. സമാപന ചടങ്ങിൽ അക്കാദമി പ്രസിഡന്റ് ഡോ. സഹീർ അലി അധ്യക്ഷത വഹിച്ചു. അബൂബക്കർ ഗുരുക്കൾ ആശംസ പ്രസംഗം നടത്തി. അക്കാദമി സെക്രട്ടറി എ മൂസ്സ ഹാജി സ്വാഗതവും, സിവി മൻസൂർ ഗുരുക്കൾ നന്ദിയും പറഞ്ഞു. മാനേജിങ് ഡയരക്ടർ ഹലീമ സഹീർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എല്ലാ വിദ്യാർത്ഥികൾക്കും കച്ച വിതരണം ചെയ്തു. ഷാഹിദ് ഗുരുക്കൾ, ഷാഫി ഗുരുക്കൾ എന്നിവർ നേതൃത്വം നൽകി. പരിപാടിയോടാനുബന്ധിച്ച് ചൂരക്കൊടി കളരി വിദ്യാർത്ഥികളുടെ ഗംഭീര കളരി പ്രദർശനവും നടന്നു.




