
മുംബൈ: ബോളിവുഡിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന
വിവേചനത്തെയും അവഗണനയെയും കുറിച്ച് തുറന്നുപറഞ്ഞ് പ്രശസ്ത നടി സിമ്രാൻ. സിനിമയിൽ തനിക്ക് ലഭിക്കേണ്ട കൃത്യമായ ബഹുമാനം തരാത്ത പ്രൊഡക്ഷൻ ടീമുകളുടെ സമീപനമാണ് ഹിന്ദി സിനിമകളിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമെന്ന് താരം വെളിപ്പെടുത്തി. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് സിമ്രാൻ തന്റെ ദുരനുഭവങ്ങൾ പങ്കുവെച്ചത്.ഹിന്ദി സിനിമകളിൽ നിന്ന് നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും അതെല്ലാം നിരസിക്കുകയായിരുന്നുവെന്ന് സിമ്രാൻ പറയുന്നു. നമ്മൾ സൗത്തിൽ ചെയ്ത പ്രകടനങ്ങളോ സിനിമകളോ അവർ കണ്ടിട്ടില്ലെന്ന രീതിയിലാണ് ബോളിവുഡിന്റെ പെരുമാറ്റമെന്ന് നടി ആരോപിച്ചു.
എന്റെ ജീവിതത്തിന്റെ പകുതിയിലധികം കാലം ഞാൻ സിനിമയ്ക്കായി നൽകിയതാണ്. അതുകൊണ്ട് തന്നെ ജോലി ചെയ്യുന്ന സ്ഥലത്ത് അർഹമായ ബഹുമാനം ലഭിച്ചില്ലെങ്കിൽ അത് വലിയ രീതിയിൽ വേദനിപ്പിക്കുമെന്നും സിമ്രാൻ പറഞ്ഞു.ദക്ഷിണേന്ത്യൻ അഭിനേതാക്കളുടെ താമസം, യാത്ര തുടങ്ങിയ കാര്യങ്ങളിൽ ബോളിവുഡ് പ്രൊഡക്ഷൻ കമ്പനികൾ കാട്ടുന്ന വിവേചനത്തെ സിമ്രാൻ രൂക്ഷമായി വിമർശിച്ചു.ഇത്തരത്തിലുള്ള വിവേചനങ്ങൾ നിലനിൽക്കുന്ന അന്തരീക്ഷത്തിൽ ജോലി ചെയ്യാൻ തനിക്ക് താല്പര്യമില്ലെന്നും, ഇത്തരം കാര്യങ്ങളെക്കുറിച്ച് ആരും തുറന്നു സംസാരിക്കാറില്ലെന്നും സിമ്രാൻ കൂട്ടിച്ചേർത്തു. തമിഴിലും മലയാളത്തിലും തെലുങ്കിലും നിരവധി ശ്രദ്ധേയ വേഷങ്ങൾ ചെയ്ത സിമ്രാൻ, ബോളിവുഡിലെ ഈ വരേണ്യ മനോഭാവത്തിനെതിരെ നടത്തിയ പ്രതികരണം ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചയായിരിക്കുകയാണ്.




