
കോഴിക്കോട്: സംഗീത രംഗത്തെ മികച്ച സംഭാവനകൾക്ക് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സംഗീത ഭാരതി പുരസ്കാരത്തിന് പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ എം ജി ശ്രീകുമാർ അർഹനായി.
സംഗീത സംവിധാന രംഗത്ത് എം ജി ശ്രീകുമാർ നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തിയാണ് അദ്ദേഹത്തെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ഗാന രചയിതാവ്, ടെലിവിഷൻ അവതാരകൻ, ചലച്ചിത്ര നിർമ്മാതാവ് എന്നീ നിലകളിലും എം ജി ശ്രീകുമാർ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട് എന്ന് അവാർഡ് നിർണയ സമിതി വിലയിരുത്തി.
മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി മൂവായിരത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുള്ള എം ജി ശ്രീകുമാർ, 1983ൽ അശോക് കുമാർ സംവിധാനം ചെയ്ത കൂലി എന്ന മലയാള ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.
രണ്ട് ദേശിയ ചലച്ചിത്ര അവാർഡുകളും മൂന്ന് സംസ്ഥാന ചലച്ചിത്ര അവാർഡുകളും അഞ്ചു ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള എം ജി ശ്രീകുമാർ യുഎഇ സർക്കാരിൻ്റെ മ്യൂസിക് അക്കാദമി ഡയറക്ടർ കൂടിയാണ്
കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നടക്കുന്ന കോഴിക്കോട് അതിരാത്രത്തിൻ്റെ സമാപന സഭയിൽ ഏപ്രിൽ 26 ന് പുരസ്കാരം സമ്മാനിക്കും. 11.111 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഏപ്രിൽ 17 മുതൽ 26 വരെ കോഴിക്കോട് കക്കോടി ഒറ്റത്തെങ്ങിലെ വേദമഹാമന്ദിരത്തിലാണ് അതിരാത്രം നടക്കുന്നത്.




