
കോഴിക്കോട്: ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് സമൊറിയൻസിന്റെ 2026-27 ലയൺസ് വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ബാബു ചിറമേൽ പ്രസിഡന്റായും എം. എൽ. വർക്കി സെക്രട്ടറിയായും പ്രദീപ് കുമാർ ഇ. ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
കോഴിക്കോട് ഹോട്ടൽ അളകാപുരിയിൽ നടന്ന ഇൻസ്റ്റലേഷൻ ചടങ്ങിൽ മുഖ്യാതിഥിയായ മൾട്ടിപ്പിൾ കൗൺസിൽ സെക്രട്ടറി ലയൺ ജെയിംസ് വളപ്പില പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് സ്ഥാനചിഹ്നങ്ങൾ അണിയിച്ച് സ്ഥാനാരോഹണം നിർവഹിച്ചു.
ലയൺസ് ക്ലബ് അംഗങ്ങൾ സേവനപ്രവർത്തനങ്ങളിൽ ആത്മാർഥമായി പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും, അവർ ചെയ്യുന്ന ഓരോ സേവനപ്രവർത്തനങ്ങളിലും ദൈവസാന്നിധ്യം ഉണ്ടാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ചടങ്ങിൽ അഡ്വ. വിനോദ് ഭട്ടത്തിരിപ്പാട്, പ്രേംകുമാർ, അനിരുദ്ധൻ രാജരാജേശ്വരി, വിജയകുമാർ, സോമസുന്ദരൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പുതിയ ഭരണസമിതി സേവനപ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിന്റെ വിവിധ മേഖലകളിൽ ജനോപകാരപ്രദമായ പദ്ധതികൾ നടപ്പാക്കുന്നതിനും പ്രതിജ്ഞാബദ്ധരാണെന്ന് പ്രസിഡന്റ് ബാബു ചിറമേൽ അറിയിച്ചു.
2026-27 വർഷത്തിൽ വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളിൽ വിവിധ സേവന പദ്ധതികൾ നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ സ്ഥാനമൊഴിയുന്ന ഭാരവാഹികളെ ആദരിക്കുകയും ചെയ്തു.




