കോഴിക്കോട് : ബീച്ച് അഗ്നിരക്ഷാ നിലയത്തിന്റെ പുതിയ കെട്ടിടം പൂർത്തിയാകുന്നതുവരെ നഗരത്തിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലേക്ക് അതിവേഗം എത്തിച്ചേരാൻ കഴിയുന്ന സൗകര്യപ്രദമായ സ്ഥലത്ത് വാഹനങ്ങളും ഉപകരണങ്ങളും ജീവനക്കാരും ഉൾപ്പെടുന്ന താത്ക്കാലിക അഗ്നിരക്ഷാ സംവിധാനം അടിയന്തരമായി സജ്ജീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ജില്ലാ കളക്ടറും കോർപ്പറേഷൻ സെക്രട്ടറിയും ഇതിനാവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. സ്വീകരിച്ച നടപടികൾ 15 ദിവസത്തിനകം ജില്ലാ കളക്ടറും കോർപ്പറേഷൻ സെക്രട്ടറിയും സമർപ്പിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
ബീച്ച് അഗ്നിരക്ഷാ സേന പൂർണ്ണമായും മീഞ്ചന്തയിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
എസ്.എം സ്ട്രീറ്റ്, കോർട്ട് റോഡ്, എം.ജി റോഡ്, പാളയം മുതലായ സ്ഥലങ്ങളിലെ വ്യാപാരകേന്ദ്രങ്ങളിലും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലും തീപിടുത്തം, പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിഞ്ഞുവീഴുന്നത്, വാഹനാപകടങ്ങൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങൾ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെന്ന് ഉത്തരവിൽ പറഞ്ഞു.
അഗ്നിരക്ഷാ സേനയുടെ അടിയന്തര ഇടപെടലാണ് ഇത്തരം സാഹചര്യങ്ങളിൽ മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകുന്നത്. നഗരത്തിനുള്ളിൽ കാര്യക്ഷമമായ അഗ്നിരക്ഷാ സംവിധാനങ്ങൾ നിലവിലില്ലെങ്കിൽ അത് ഗുരുതരമായ അപകടങ്ങൾക്കും മനുഷ്യജീവനാശത്തിനും സ്വത്ത് നാശത്തിനും കാരണമാകും. ജീവിക്കാനുള്ള അവകാശം ഉൾപ്പെടെയുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ഫലപ്രദമായ സംരക്ഷണം ഉറപ്പാക്കുന്നതിനായി അടിയന്തര പ്രതികരണ സംവിധാനങ്ങൾ നിലനിർത്തി പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.





