
കൽപ്പറ്റ: വയനാട് ടൂറിസം അസോസിയേഷന്റെ ജില്ലാ പ്രവർത്തക കൺവെൻഷൻ കൽപ്പറ്റയിൽ ചേർന്നു. ജില്ലയിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട സമകാലിക വിഷയങ്ങൾ യോഗം വിശദമായി ചർച്ച ചെയ്തു.
സമീപകാലത്ത് കള്ളടി പ്രദേശത്ത് നടന്ന അപകടവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളും സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളും യാഥാർഥ്യവിരുദ്ധമായ വാർത്തകൾ പ്രചരിപ്പിച്ചതിൽ യോഗം ശക്തമായ ആശങ്ക രേഖപ്പെടുത്തി.
കള്ളടിയിൽ ഉണ്ടായത് തുരങ്കപാത ഇടിഞ്ഞുണ്ടായ അപകടമല്ലെന്നും, നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കൂട്ടിയിട്ടിരുന്ന മണ്ണ് ഇടിഞ്ഞുണ്ടായ അപകടമാണെന്നും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ, അതിനെ ‘ഉരുള്‍പൊട്ടൽ’ എന്ന രീതിയിൽ വ്യാപകമായി പ്രചരിപ്പിച്ചത് വയനാടിന്റെ ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടിയുണ്ടാക്കിയതായി യോഗം വിലയിരുത്തി.
വസ്തുതകൾ പരിശോധിക്കാതെ ഭീതി പരത്തുന്ന രീതിയിൽ വാർത്തകൾ നൽകുന്നത് ജില്ലയിലെ വിനോദസഞ്ചാര മേഖലയെയും ആയിരക്കണക്കിന് ആളുകളുടെ ഉപജീവനത്തെയും പ്രതികൂലമായി ബാധിക്കുമെന്നും, ഇത്തരം വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രചാരണങ്ങൾ അംഗീകരിക്കാനാവില്ലെന്നും യോഗം വ്യക്തമാക്കി.
ഭാവിയിൽ വയനാടിന്റെ ടൂറിസം മേഖലയെ മനപ്പൂർവം തകർക്കാൻ ലക്ഷ്യമിട്ട് തെറ്റായ വാർത്തകളും വ്യാജ പ്രചാരണങ്ങളും നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കാൻ വയനാട് ടൂറിസം അസോസിയേഷൻ തീരുമാനിച്ചതായും ജില്ലാ കൺവെൻഷൻ അറിയിച്ചു.
അതോടൊപ്പം, വസ്തുതകൾ കൃത്യമായി പരിശോധിച്ച ശേഷവും ഉത്തരവാദിത്വത്തോടെയും വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ എല്ലാ മാധ്യമ സ്ഥാപനങ്ങളോടും സാമൂഹിക മാധ്യമ ഉപയോക്താക്കളോടും അസോസിയേഷൻ അഭ്യർഥിച്ചു.
യോഗം ജില്ലാ സെക്രട്ടറി സൈഫ് വൈത്തിരി ഉദ്ഘാടനം ചെയ്തു. സുമ പള്ളിപ്രം, പട്ടു വിയ്യനാടൻ, സജി മാളിയേക്കൽ, ജോസ് മേപ്പാടി, മനോജ് മേപ്പാടി, സുബി പ്രേം എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.




