
കോഴിക്കോട് : റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂർ എന്ന മാമിയു ടെ തിരോധാനവുമായി ബന്ധപ്പെട്ട പരാതിയിൽ ആദ്യം അന്വേഷിച്ച നടക്കാവ് പോലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല അന്വേഷണത്തിന് ശിപാർശ ചെയ്ത സംസ്ഥാന ക്രൈംബ്രാഞ്ചിൻ്റെ അതിവിചിത്ര നടപടി സ്വന്തം വീഴ്ച്ച മറയ്ക്കാൻ. ഒരു വർഷത്തിലധികമായി കേസ് അന്വേഷിച്ചിട്ടും “പലവിധ കാരണങ്ങളാൽ ” തുമ്പു കണ്ടെത്താനാകാതെ വെട്ടിലായ അവസ്ഥയിലാണ് ഒരു സിസിടിവി ദൃശ്യവുമില്ലാതെ വെറും ശൂന്യതയിൽ നിന്ന് ദൃശ്യം മോഡൽ ഹേമചന്ദ്രൻ കൊലക്കേസ് തെളിയിച്ച, മാമി കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ പി.കെ. ജിജീഷ് അടക്കമുള്ളവർക്കെതിരെ വകുപ്പുതല അന്വേഷണം ശിപാർശ ചെയ്ത് സംസ്ഥാന ക്രൈംബ്രാഞ്ച് കഴിവുകേട് തെളിയിക്കുന്നത്. ഏൽപ്പിക്കപ്പെട്ടമാമിയുടെ തിരോധാനം സംബന്ധിച്ച കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടുന്നതിന് പകരം സ്വന്തം കഴിവുകേട് മറയ്ക്കുകയാണ് ഇപ്പോഴത്തെ വകുപ്പുതല അന്വേഷണ ശിപാർശക്ക് പിന്നിലെ കാരണം. ലോക്കൽ പോലീസിന് വീഴ്ച്ച സംഭവിച്ചോ എന്ന കാര്യം അന്വേഷിക്കാൻ ആരും ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചിട്ടില്ല എന്നിരിക്കെ ഇവരുടെ നടപടി കേരള പോലീസിന് നാണക്കേട് ഉണ്ടാക്കിയിരിക്കയാണ്. ഇപ്പോൾ കാസർകോഡ് കുമ്പളയിൽ എസ് എച്ച ഒ യായ പി.കെ. ജിജീഷ് കണ്ടെത്തിയ തെളിവുകളിൽ നിന്ന് ഒരിഞ്ച് മുന്നോട്ടു പോകാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. പ്രതിപട്ടികയിൽ വരേണ്ട ഏതാനും പേരെക്കുറിച്ച് പി.കെ. ജിജീഷിൻ്റെ 3200 ഓളം പേജുകളുള്ള അന്വേഷണ റിപ്പോർട്ടിൽ കൃത്യമായ സൂചനയുണ്ട്. ഇവരെ പ്രതിയാക്കി ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം എന്നറിയുന്നു. എന്നാൽ തങ്ങളുടെ മികവിൽ പ്രതികളെ കണ്ടെത്തി എന്നു വരുത്തി തീർക്കാൻ പി.കെ. ജിജീഷിൻ്റെ അന്വേഷണ മികവിനെ തള്ളി പറയേണ്ടിവരും. അതിന് കണ്ട പോലീസ് ബുദ്ധിയാണത്രെ – വീഴ്ച്ച ആരോപിച്ചുള്ള വകുപ്പുതല അന്വേഷണ ശിപാർശ. ആദ്യം ഇതേ കേസിൻ്റെ മേൽനോട്ടം വഹിച്ച അന്നത്തെ സിറ്റി പോലീസ് കമീഷണർ രാജ്പാൽ മീണയാണ് ഇപ്പോൾ ഉത്തരമേഖലാ ഐജി . കേസിൻ്റെ എല്ലാ വസ്തുതകളും അറിയാവുന്ന ഇദ്ദേഹം ഇപ്പോൾ താനടക്കമുള്ള ഉന്നതരെ ഒഴിവാക്കി വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച് സ്വയം ഇളിഭ്യനായിരിക്കയാണ്.
മാമിയെ 2023 ഓഗസ്റ്റ് 21-ന് കാണാതായെന്ന ഭാര്യ റംലത്തിന്റെ പരാതിയിൽ ആദ്യം അന്വേഷണം നടത്തിയ അന്നത്തെ ഇൻസ്പെക്ടർ ബിനു മോഹൻ, സീനിയർ സിപിഒ എം.വി. ശ്രീകാന്ത്, കെ.കെ. ബിജു എന്നിവരാണ് വകുപ്പു തല അന്വേഷണം നേരിടുന്ന മറ്റ് ” ഹതഭാഗ്യർ “. രണ്ടുമാസത്തി നകം റിപ്പോർട്ട് നൽകണമെന്നും ഐ.ജി. ആവശ്യപ്പെട്ടിട്ടുണ്ട്.
മാമിയെ കാണാനില്ലെ ന്ന പരാതി ലഭിച്ച ആദ്യമണിക്കൂറുകളിൽ നടക്കാവ് പോലീസ് നടത്തിയ അന്വേഷണത്തിൽ തൊട്ടടുത്ത ബേബി മെമ്മോറിയൽ ആശുപത്രിയിലേതടക്കം സിസിടിവി കൾ പരിശോധിച്ചെങ്കിലും ദൃശ്യങ്ങൾക്ക് കൃത്യത ഇല്ലാത്ത തെളിവടക്കം പി.കെ. ജിജീഷിൻ്റെ അന്വേഷണ റിപ്പോർട്ടിലുണ്ട് . മാമിയെ കാണാതായെന്ന പരാതി നടക്കാവ് എസ്ഐ യാണ് ആദ്യദിനങ്ങളിൽ അന്വേഷിച്ചത്. ഈ അന്വേഷണത്തിന് മേൽനോട്ടം വഹിച്ചത് സിഐയും. ഇവർക്കുമേൽ അന്ന് ഡ്യൂട്ടിയിലു ണ്ടായിരുന്ന അസി. കമ്മിഷണർ പി. ബിജുരാജ്, ഡെപ്യൂട്ടി കമ്മിഷണർ കെ.ഇ. ബൈജു, കമ്മിഷണർ രാജ്പാൽ മീണ എന്നിവരും ഈ കേസിന്റെ അന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്നുവെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വ്യ ക്തമാക്കുന്നുണ്ട്.
സംഭവം നടന്നതിൻ്റെ അടുത്തദിവസത്തെ സാട്ട (രാവിലെ എട്ടിന് വയർലെസിലൂടെ ക്രൈംവിവരങ്ങൾ അറിയിക്കുന്ന രീതി) യോഗത്തിലൂടെ കമ്മിഷണർ ഉൾപ്പെടെ നഗരത്തി ലെ എല്ലാ ഉദ്യോഗസ്ഥര്യം ഈ വിവരമറിഞ്ഞിട്ടുണ്ട്. മാമിയെപ്പോലെ വലിയ ബന്ധങ്ങളും കോടികളുടെ വസ്തു ഇടപാടുകൾ നടത്തുന്ന ഒരാളെ കാണാതായ വിവരം അറിഞ്ഞിട്ടും ലാഘവത്തോടെ ഇരുന്നത് ഒരു ഉന്നത ഐ പി എസ് ഉദ്യോഗസ്ഥൻ്റെ ഇടപെടൽ മൂലമാണെന്ന ആരോപണം ഉയർന്നിരുന്നു. പ്രതികളെന്നു സംശയിക്കുന്ന ചിലരുടെ ആതിഥ്യം സ്വീകരിച്ച് വിവാദപുരുഷനായ ഈ ഐ പി എസ് ഓഫീസർ യു എ ഇ സന്ദർശിച്ചതിൻ്റെ ചിത്രങ്ങളടക്കം മുൻ അന്വേഷണ ഉദ്യോഗസ്ഥൻ്റെ പക്കലുണ്ടത്രെ. ഇത് പുറത്തറിഞ്ഞതിന് ശേഷമാണ് ലോക്കൽ പോലീസിനെ ഒഴിവാക്കി തുടർ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ചിനെ സംബന്ധിച്ചിടത്തോളം ഈ ഒരു കേസ് മാത്രമാണ് കഴിഞ്ഞ ഒരു വർഷത്തിലധികമായി അന്വേഷിക്കുന്നത്. എന്നാൽ കോഴിക്കോട് കളക്ടറേറ്റ് അടക്കം പരിധിയുള്ള നടക്കാവ് സ്റ്റേഷനിൽ മറ്റ് നൂറുകണക്കിന് പ്രതിദിന ഡ്യൂട്ടി നിർവഹിക്കുമ്പോഴാണ് ഇപ്പോൾ അന്വേഷണം നേരിടുന്ന നാലംഗ സംഘം ഇത്രയധികം തെളിവുകൾ ശേഖരിച്ചത്. ആ തെളിവുകളിൽ ഒരു ഉളുപ്പുമില്ലാതെ അന്വേഷണം തുടരുന്നതല്ലാതെ ഒന്നും പുതുതായി കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ലെന്നാണ് പോലീസിലെ തന്നെ ഉപശാലാ സംസാരം. സിസിടിവി ദൃശ്യങ്ങൾ ഇല്ലാതെ പ്രതികളെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് കഴിയില്ലേ എന്ന പരിഹാസവും ഉയരുന്നുണ്ട്. ഒന്നര വർഷം മുൻപ് ദൂരൂഹ സാഹചര്യത്തിൽ കാണാതായ വയനാട് ബത്തേരി സ്വദേശി ഹേമചന്ദ്രൻ്റേത് ദൃശ്യം മോഡൽ കൊലപാതകമാണെന്ന് കണ്ടെത്തി പ്രതികളെ അറസ്റ്റ് ചെയ്ത പി.കെ. ജിജീഷിനെ മാമി കേസ് അന്വേഷണത്തിൽ നിന്ന് മാറ്റിയതും ചില ഉന്നതരുടെ ഇംഗിത പ്രകാരമാണെന്ന് സൂചനയുണ്ട്. അന്വേഷണം ജിജീഷിനെ തിരികെ ഏൽപ്പിച്ചാൽ മാത്രമെ പ്രതികൾ പിടിയിലാകൂ എന്ന് വിശ്വസിക്കുന്ന നിരവധി ഉദ്യോഗസ്ഥർ പോലീസ് സേനയിലുണ്ട്. അതേ സമയം ടി.പി. ചന്ദ്രശേഖരൻ വധകേസ് അന്വേഷിച്ച് പ്രതികളെ പിടി കൂടി കഴിവുതെളിയിച്ച ഓഫീസറാണ് ഇപ്പോൾ മാമി കേസ് അന്വേഷണ ചുമതലയുളള Crime Branch എസ് പി കെ.വി. സന്തോഷ്കുമാർ.



