INDIAKERALAlocalOtherstop newsVIRAL

ഓണക്കാലത്തെ അമിതയാത്രാ നിരക്ക് നിയന്ത്രിക്കണം : സ്പെഷ്യൽ സർവീസ് തുടങ്ങണമെന്നും മനുഷ്യാവകാശ കമ്മീഷൻ

 

 

കോഴിക്കോട് : ഓണക്കാലത്തെ അമിത യാത്രാനിരക്ക് നിയന്ത്രിക്കുന്നതിനും കൂടുതൽ സ്പെഷ്യൽ സർവീസുകൾ അനുവദിക്കുന്നതിനും ചീഫ് സെക്രട്ടറി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

റെയിൽവേ, സിവിൽ ഏവിയേഷൻ, അന്തർസംസ്ഥാന ബസ് ഓപ്പറേറ്റർമാരുടെ പ്രതിനിധികൾ, കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള റോഡ്, റെയിൽ, എയർ ട്രാൻസ്പോർട്ട് അതോറിറ്റികൾ എന്നിവരുമായി ചീഫ് സെക്രട്ടറി ഉന്നതതല ചർച്ച നടത്തണമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളും ആവിഷ്കരിച്ച പരിഹാരമാർഗങ്ങളെയും കുറിച്ചുള്ള വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സെപ്റ്റംബറിൽ വെസ്റ്റ്ഹിൽ പൊതുമരാമത്ത് റസ്റ്റ്ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

ഓണത്തിന് നാട്ടിലെത്താൻ മലയാളികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലബാർ ഡവലപ്പമെന്റ് കൗൺസിൽ പ്രസിഡന്റ് ഷെവലിയാർ സി.ഇ. ചാക്കുണ്ണി സമർപ്പിച്ച പരാതിയിലാണ് നടപടി.

ഓണക്കാലത്ത് വിമാനം, ട്രെയിൻ, അന്തർസംസ്ഥാന സ്വകാര്യ ബസുകൾ തുടങ്ങിയവയിൽ ചാർജ് പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നത് സാധാരണക്കാരായ യാത്രക്കാർ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഉത്സവകാലങ്ങളിൽ യാത്രാ സൗകര്യം ന്യായമായ രീതിയിൽ ഉറപ്പാക്കേണ്ടത് ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിന്റെ മൗലികമായ ഉത്തരവാദിത്തമാണെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.

യാത്രാനിരക്ക് ക്രമാതീതമായി വർദ്ധിപ്പിക്കുന്നത് തടയാൻ ഔദ്യോഗിക സംവിധാനങ്ങൾക്ക് കഴിയാത്തത് നിർഭാഗ്യകരമാണെന്ന് ഉത്തരവിൽ പറഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് പരിമിതികളുണ്ടെങ്കിലും ഇടപെടാതിരിക്കുന്നത് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിഷയമാണെന്ന് ഉത്തരവിൽ പറഞ്ഞു.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close